ആമുഖം

-------------&-------------

ഉര്‍ദു ഭാഷയില്‍ ഖുര്‍ആന്റെ പരിഭാഷകളും വ്യാഖ്യാനങ്ങളും വേണ്ടുവോളം വന്നുകഴിഞ്ഞിട്ടുണ്ട്. ഇനിയും ആരെങ്കിലും കേവലം പുണ്യത്തിനുവേണ്ടി ഒരു പുതിയ പരിഭാഷ പ്രസിദ്ധീകരിക്കാന്‍ തുനിയുന്നത് സമയത്തിന്റെയും അധ്വാനത്തിന്റെയും ശരിയായ വിനിയോഗമായിരിക്കുകയില്ല. ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് മുന്‍ പരിഭാഷകള്‍ നിര്‍വഹിച്ചുകൊടുക്കാത്ത വല്ല ആവശ്യവും നിര്‍വഹിച്ചുകൊടുക്കാനുണ്ടെങ്കിലേ ഇവ്വിഷയകമായി കൂടുതല്‍ പ്രയത്നിക്കുന്നത് യുക്തിസഹമാകൂ.

ഈ താളുകളില്‍ ഖുര്‍ആന്റെ തര്‍ജമക്കും ബോധനത്തിനുംവേണ്ടി നടത്തപ്പെട്ടിട്ടുള്ള ശ്രമങ്ങള്‍ ഈയടിസ്ഥാനത്തിലുള്ളതാണ്. പരിശുദ്ധ വേദത്തിന്റെ സാക്ഷാല്‍ സന്ദേശങ്ങള്‍ ഗ്രഹിക്കാനും ആത്മാവ് കണ്ടെത്താനും നമ്മുടെ അഭ്യസ്തവിദ്യരിലുളവായിട്ടുള്ള താല്‍പര്യം കുറെക്കാലമായി ഞാന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഈ അഭിനിവേശം നാള്‍ക്കുനാള്‍ വളര്‍ന്നുവരികയാണ്. പഴയ ഭാഷ്യകാരന്‍മാരുടെ മഹത്തായ പ്രയത്ന ഫലങ്ങളെല്ലാം നിലവിലുണ്ടായിട്ടും അത് ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെടാതെ തന്നെ കിടക്കുന്നു. അതോടൊപ്പം ഈ വിടവ് നികത്തുന്നതില്‍ വല്ലതുമൊക്കെ ചെയ്യാന്‍ എനിക്കും കഴിയും എന്നൊരു തോന്നലും എന്നിലുണര്‍ന്നു. ഈ രണ്ടു വിചാരങ്ങളും ചേര്‍ന്നു എന്നെ പ്രവര്‍ത്തനനിരതനാക്കിയതിന്റെ ഫലമാണ് നിങ്ങളുടെ കൈകളിലിരിക്കുന്നത്. എന്റെ ഈ എളിയ പരിശ്രമം ജനങ്ങള്‍ക്ക് ഖുര്‍ആന്‍ ഗ്രഹിക്കുന്നതില്‍ അല്‍പമെങ്കിലും സഹായകമായെങ്കില്‍ അത് എന്റെ മഹാ ഭാഗ്യമായിരിക്കും.

ഈ സംരംഭത്തില്‍ എന്റെ മുന്നിലുള്ള ലക്ഷ്യം പണ്ഡിത∙ാരുടെയോ ഗവേഷക∙ാരുടെയോ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുകയല്ല. അറബിഭാഷയും ദീനീ വിജ്ഞാനങ്ങളും പഠിച്ചു പാസായ ശേഷം വിശുദ്ധ ഖുര്‍ആന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് സൂക്ഷ്മനിരീക്ഷണം നടത്താനാഗ്രഹിക്കുന്നവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കലുമല്ല. അത്തരക്കാരുടെ വിശപ്പ് തീര്‍ക്കാന്‍ വേണ്ടുവോളം വിഭവങ്ങള്‍ നേരത്തെതന്നെ തയ്യാറായിട്ടുണ്ടല്ലോ. എന്റെ ഈ സേവനം വിശാലമായ ഖുര്‍ആന്‍ വിജ്ഞാനീയശേഖരങ്ങള്‍ പ്രയോജനപ്പെടുത്താനാവാത്ത, അറബി ഭാഷയില്‍ നിപുണരല്ലാത്ത, സാമാന്യ വിദ്യാഭ്യാസമുള്ള ആളുകള്‍ക്കുവേണ്ടിയുള്ളതാണ്. അവരുടെ ആവശ്യങ്ങളാണ് ഞാന്‍ മുമ്പില്‍ വച്ചിട്ടുള്ളത്.അതുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രത്തില്‍ വമ്പിച്ച പ്രാധാന്യമുള്ളതെങ്കിലും പ്രസ്തുത നിലവാരത്തിലുള്ളവരെ സംബന്ധിച്ചേടത്തോളം അപ്രസക്തങ്ങളായ വ്യഖ്യാന ചര്‍ച്ചകളെ ഞാന്‍ ഒട്ടും സ്പര്‍ശിച്ചിട്ടില്ല. ഈ ഗ്രന്ഥം വായിക്കുന്ന സാധാരണക്കാരന്ന് ഖുര്‍ആന്റെ സന്ദേശങ്ങളും ആശയങ്ങളും വ്യക്തമായി മനസ്സിലാവുകയും ഖുര്‍ആന്‍ അയാളില്‍ ഉളവാക്കാനുദ്ദേശിക്കുന്ന സ്വാധീനം ഉളവാവുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. വായിച്ചുപോകുമ്പോള്‍ അവര്‍ക്ക് ദുര്‍ഗ്രഹതയനുഭവപ്പെടാവുന്നിടങ്ങള്‍ വിശദീകരിക്കപ്പെടുകയും അവരുടെ മനസ്സില്‍ വല്ല ചോദ്യങ്ങളും പൊങ്ങിവരുമ്പോള്‍ തക്കസമയത്ത് അതിനു മറുപടി ലഭിക്കുകയും ചെയ്യുക- ഇതാണ് എന്റെ പരിശ്രമം. ഞാനതില്‍ എത്രത്തോളം വിജയിച്ചിരിക്കുന്നുവെന്ന് വിധിപറയേണ്ടത് ഇനി സാമാന്യ വായനക്കാര്‍ തന്നെയാകുന്നു. ഏതായാലും ഇതൊരവസാന വാക്കല്ല. ഈ ഗ്രന്ഥത്തിന്റെ ഓരോ വായനക്കാരനോടും ഞാനപേക്ഷിക്കുന്നു: നിങ്ങള്‍ക്ക് എവിടെയെങ്കിലും ദുര്‍ഗ്രഹതയനുഭവപ്പെടുകയോ ഏതെങ്കിലും ചോദ്യത്തിനു മറുപടി ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ ആശയം നല്ലവണ്ണം വ്യക്തമാകാതിരിക്കുകയോ ചെയ്യുന്നുവെങ്കില്‍ ആയത് എന്റെ ശ്രദ്ധയില്‍ പെടുത്തേണം; എനിക്ക് ഈ സേവനം കൂടുതല്‍ പ്രയോജനപ്രദമാക്കാനതുപകരിക്കുമല്ലോ. പണ്ഡിതവര്യന്‍മാരോടും ഞാനപേക്ഷിക്കുന്നു: എനിക്കു പറ്റിയ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതരേണം.

വിവര്‍ത്തന-വ്യാഖ്യാനങ്ങളെക്കുറിച്ച് രണ്ടു വാക്ക്

പദാനുപദ വിവര്‍ത്തനത്തിന്റെ രീതി വെടിഞ്ഞ് സ്വതന്ത്രമായ ആശയ വിവര്‍ത്തന രീതിയാണ് ഞാനീ ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ പദനിഷ്ഠയോടെ വിവര്‍ത്തനം ചെയ്യുന്നത് തെറ്റാണെന്ന് വിചാരിക്കുന്നതുകൊണ്ടല്ല അത്. മറിച്ച് അത്തരം പരിഭാഷകള്‍ നേരത്തേതന്നെ ഒട്ടേറെ മഹാ•ാര്‍ നന്നായി നിര്‍വഹിച്ചു കഴിഞ്ഞിട്ടുള്ളതുകൊണ്ടും ആ രംഗത്ത് ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടുമാണ്. പാര്‍സിയില്‍ ശാ വലിയുല്ലാഹിയുടെച1483 തര്‍ജമയും ഉര്‍ദുവില്‍ ഷാ അബ്ദുല്‍ ഖാദിര്‍ സാഹിബ്ച964, ഷാ റഫീഉദ്ദീന്‍ സാഹിബ്ച965, മൌലാനാ മഹ്മൂദുല്‍ ഹസന്‍ സാഹിബ്, അഷ്റഫലി സാഹിബ്, മൌലവി ഫതഹ് മുഹമ്മദ് സാഹിബ് ജലന്ധരി എന്നിവരുടെ തര്‍ജമകളും പദാനുപദ വിവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങള്‍ ഭംഗിയായി നിറവേറ്റുന്നുണ്ട്. എന്നാല്‍ പദാനുപദ വിവര്‍ത്തനത്തിലൂടെ പരിഹൃതമാകാത്തതും ആവുക സാധ്യമല്ലാത്തതുമായ വേറെയും ചില ആവശ്യങ്ങളുണ്ടല്ലോ. അവയാണ് ഞാനീ ഭാഷ്യത്തിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

ഖുര്‍ആന്‍ പദാനുപദം അര്‍ഥം അറിയാനും ഓരോ സൂക്തത്തിനും ചുവടെ അതിന്റെ തര്‍ജമ വായിച്ച് അതില്‍ പറഞ്ഞതെന്തെന്ന് മനസ്സിലാക്കാനും കഴിയുന്നു എന്നതാണ് പദാനുപദ തര്‍ജമയുടെ ഗുണം. ഈ ഗുണത്തോടൊപ്പം ഈ രീതിക്ക് ചില പോരായ്മകളുമുണ്ട്. അവ കാരണം അറബിഭാഷാ പരിജ്ഞാനമില്ലാത്ത വായനക്കാര്‍ക്ക് ഖുര്‍ആന്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ വരുന്നു.

വായിക്കുമ്പോള്‍ വാക്കുകളുടെ ഒഴുക്കും ശക്തിയും ഭാഷാഭംഗിയും സ്വാധീനശേഷിയും ചോര്‍ന്നുപോയതായി തോന്നുന്നുവെന്നതാണ് പദാനുപദ തര്‍ജമയുടെ ഒന്നാമത്തെ കുറവ്. ഖുര്‍ആന്റെ വരികള്‍ക്കു താഴെ നിര്‍ജീവമായ വാക്കുകളാണ് വായനക്കാരന് കിട്ടുന്നത്. അത് വായിക്കുമ്പോള്‍ അയാളില്‍ അനുഭൂതികളുണരുന്നില്ല; രോമാഞ്ചമുണ്ടാകുന്നില്ല; നയനങ്ങള്‍ സജലങ്ങളാകുന്നില്ല; വികാരങ്ങളില്‍ കോളിളക്കമുണ്ടാകുന്നില്ല; തന്റെ ചിന്തയെയും ബുദ്ധിയെയും കീഴ്പ്പെടുത്തിക്കൊണ്ട് എന്തോ ഒന്ന് ഹൃദയാന്തരാളങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതായി അയാള്‍ക്കനുഭവപ്പെടുന്നുമില്ല. ഇത്തരം പ്രതികരണങ്ങളുളവാകുന്നതുപോകട്ടെ, 'ഇതുപോലൊരു ഗ്രന്ഥം രചിക്കുവിന്‍' എന്ന് ലോകത്തെ ആകമാനം വെല്ലുവിളിച്ച ആ മഹാഗ്രന്ഥം ഇതുതന്നെയോ എന്ന് പലപ്പോഴും അയാള്‍ ചിന്തിച്ചുപോവുകയും ചെയ്യുന്നു. പദാനുപദ വിവര്‍ത്തനത്തിന്റെ ചക്ക് ഔഷധത്തിന്റെ ശുഷ്കഘടകങ്ങള്‍ മാത്രമേ അതിനുള്ളിലൂടെ കടത്തിവിടുന്നുള്ളൂ എന്നതാണതിന് കാരണം. ഖുര്‍ആന്റെ മൂലവാക്യങ്ങളില്‍ നിറഞ്ഞുതുളുമ്പുന്ന സാഹിത്യത്തിന്റെ ആ തീക്ഷ്ണമായ ചൈതന്യത്തിന്റെ യാതൊരംശവും അത്തരം തര്‍ജമയില്‍ ദൃശ്യമാവുകയില്ല. അതൊക്കെ ഈ ചക്കിനു മീതെ എങ്ങോ പറന്നുപോകുന്നു. എന്നാള്‍ ഖുര്‍ആന്റെ സ്വാധീനശക്തിയില്‍ അതിന്റെ പാവനമായ അധ്യാപനങ്ങള്‍ക്കും മഹത്തായ ആശയങ്ങള്‍ക്കും ഉള്ളതില്‍ ഒട്ടും കുറയാത്ത പങ്ക് അതിന്റെ സാഹിത്യത്തിനുമുണ്ട്. ആ സാഹിത്യമാണ് ശിലാഹൃദയങ്ങളെ അലിയിച്ചതും അറേബ്യന്‍ ജനപദങ്ങളെ പ്രകമ്പനംകൊള്ളിച്ചതും. മനുഷ്യ മനസ്സുകളിലേക്കിറങ്ങിച്ചെല്ലാനുള്ള അതിന്റെ ശക്തി ബദ്ധവിരോധികള്‍ പോലും അംഗീകരിക്കുകയും, വശീകരണശക്തിയുള്ള ഈ വചനങ്ങള്‍ കേള്‍ക്കാനിടയാകുന്നവര്‍ അതിന്റെ വശ്യതയില്‍ കുടുങ്ങിപ്പോകുമെന്ന് ഭയപ്പെടുകയും ചെയ്തിരുന്നു. ഖുര്‍ആന്ന് ഈ ഗുണം ഉണ്ടായിരുന്നില്ലെങ്കില്‍, തര്‍ജമയില്‍ കാണുന്നതുപോലെ ശുഷ്കമായ ഭാഷയില്‍ തന്നെയാണ് അതിന്റെ മൂലവചനങ്ങളും അവതരിച്ചിരുന്നതെങ്കില്‍ ചരിത്രത്തില്‍ സംഭവിച്ചതുപോലെ അറേബ്യന്‍ മനസ്സുകളെ സ്വാധീനിക്കാനോ തരളിതമാക്കാനോ അതിനൊരിക്കലും കഴിയുമായിരുന്നില്ല.

പദാനുപദ തര്‍ജമകള്‍ക്ക് ബോധമണ്ഡലത്തില്‍ അനുരണനം സൃഷ്ടിക്കാന്‍ കഴിയാത്തതിന്റെ മറ്റൊരു കാരണം, സാധാരണയായി തര്‍ജമകള്‍ ഖുര്‍ആന്‍ വരികള്‍ക്കിടയില്‍ തിരുകിവച്ചോ അല്ലെങ്കില്‍ പുതിയ സമ്പ്രദായമനുസരിച്ച് ഏടുകളെ രണ്ടായി പകുത്ത് ഖുര്‍ആന്‍ വാക്യങ്ങളും അതിന്റെ പരിഭാഷയും ഇടത്തും വലത്തും എന്ന ക്രമത്തിലോ അച്ചടിക്കുന്നു എന്നതാണ്. പദാനുപദം അര്‍ഥം പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ രീതി അനുയോജ്യം തന്നെ. ഓരോ പദത്തിന്റെയും സൂക്തത്തിന്റെയും അര്‍ഥം അതിനു ചുവടെ തന്നെ കാണാമല്ലോ. പക്ഷേ, ഒരു വായനക്കാരന് ഇതര ഗ്രന്ഥങ്ങള്‍ വായിച്ചുള്‍ക്കൊള്ളുന്നതുപോലെ വായിച്ചുള്‍ക്കൊള്ളാന്‍ ഈ തര്‍ജമ ഉതകുകയില്ല എന്നൊരു കുറവും അതിനുണ്ട്. ഒരന്യഭാഷയിലെ വാക്കുകള്‍ അയാളുടെ പാരായണത്തെ അടിക്കടി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും. ഇംഗ്ളീഷ് തര്‍ജമകളുടെ ആകര്‍ഷകത്വം ഇതിനെക്കാള്‍ കുറഞ്ഞുപോകാനുള്ള ഒരു കാരണം ബൈബിള്‍ തര്‍ജമകളെ അനുകരിച്ച് ഓരോ ഖുര്‍ആന്‍ സൂക്തവും വെവ്വേറെ അക്കമിട്ട് എഴുതുന്ന സമ്പ്രദായം സ്വീകരിച്ചതാണ്. നിങ്ങള്‍ അതിവിശിഷ്ടമായ ഒരു പ്രബന്ധമെടുത്ത് അതിലെ വാചകങ്ങള്‍ ഓരോന്നും വേര്‍പെടുത്തി മുന്നിലും പിന്നിലും അക്കമിട്ടെഴുതിയശേഷം ഒന്നു വായിച്ചു നോക്കുക. അഖണ്ഡവും ശൃംഖലിതവുമായ വാക്യസമുച്ചയം അനുവാചക മനസ്സിലുണര്‍ത്തിയിരുന്ന പ്രതികരണത്തിന്റെ പകുതിപോലും ഈ ഒറ്റയൊറ്റ വാക്യങ്ങള്‍ ഉണര്‍ത്തുന്നില്ലെന്ന് സ്വയം ബോധ്യമാകും.

ഖുര്‍ആന്റെ ഘടന പ്രബന്ധശൈലിയിലല്ല, പ്രഭാഷണശൈലിയിലാണ് എന്നതത്രെ പദാനുപദ വിവര്‍ത്തനത്തിന്റെ ഫലക്കുറവിനുള്ള മറ്റൊരു പ്രധാന കാരണം. അത് ഉദ്ധരിക്കുമ്പോള്‍ പ്രഭാഷണശൈലിയെ പ്രബന്ധശൈലിയാക്കി മാറ്റാതെ അതേപടി വിവര്‍ത്തനം ചെയ്തുവിട്ടാല്‍ വാക്യങ്ങളാസകലം വിഘടിതമായിപ്പോകുന്നു. പ്രാരംഭഘട്ടത്തില്‍ ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നില്ല എന്നത് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ഇസ്ലാമിക പ്രബോധത്തിന്റെ പ്രയാണത്തില്‍ സന്ദര്‍ഭവും ആവശ്യവുമനുസരിച്ച് പ്രവാചകന് അപ്പപ്പോള്‍ ഓരോ പ്രഭാഷണം അവതരിക്കുകയും പ്രവാചകന്‍ പ്രസംഗങ്ങളിലൂടെ അത് ജനങ്ങളെ കേള്‍പ്പിക്കുകയുമായിരുന്നു. പ്രസംഗഭാഷയും പ്രബന്ധഭാഷയും തമ്മില്‍ വലിയ അന്തരമുണ്ടല്ലോ. ഉദാഹരണമായി, പ്രബന്ധത്തില്‍ ഒരു സംശയം ഉദ്ധരിച്ച് അതിനു മറുപടി പറയുന്നു. പ്രഭാഷണത്തിലാകട്ടെ സംശയാലുക്കള്‍ മുന്നില്‍ തന്നെ ഉണ്ടായിരിക്കും. അതുകൊണ്ട് പ്രഭാഷകന് പലപ്പോഴും 'ആളുകള്‍ ഇങ്ങനെ ചോദിക്കുന്നു' എന്നു പറയേണ്ട ആവശ്യമേ നേരിടുന്നില്ല. അയാള്‍ പ്രസംഗത്തിനിടയില്‍ തന്നെ ആ സംശയങ്ങള്‍ക്ക്് മറുപടിയാകുംവിധം ഒരു വാചകമങ്ങ് പറയുന്നു. പ്രബന്ധത്തില്‍, വിഷയത്തില്‍ നിന്ന് മാറിയതും എന്നാല്‍ അതിനോട് അടുത്ത ബന്ധമുള്ളതുമായ ഒരു കാര്യം പറയേണ്ടിവന്നാല്‍ അതിനെ ഇടവാക്യമായി ഏതെങ്കിലും രൂപത്തില്‍ വചനശൃംഖലയില്‍നിന്ന് വേര്‍തിരിച്ചെഴുതുന്നു. വാചകങ്ങളുടെ പരസ്പര ബന്ധം അറ്റുപോകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. പ്രഭാഷണത്തിലാകട്ടെ സ്വരവും ഭാവവും മാറ്റിക്കൊണ്ടുമാത്രം പ്രഭാഷകന് നെടുനെടുങ്കന്‍ ഇടവാചകങ്ങള്‍ പറഞ്ഞുപോകാം. പരസ്പരബന്ധമില്ലായ്മ ഒട്ടും അനുഭവപ്പെടുകയില്ല. പ്രബന്ധങ്ങളില്‍ പ്രതിപാദനത്തെ പശ്ചാത്തലവുമായി യോജിപ്പിക്കാന്‍ പദങ്ങളുപയോഗിക്കേണ്ടിവരുന്നു. പ്രഭാഷണത്തിലാകട്ടെ പശ്ചാത്തലം പ്രതിപാദനവുമായി സ്വയം ബന്ധിതമായിരിക്കും. പശ്ചാത്തലം ചൂണ്ടിക്കാണിക്കാതെ പരാമര്‍ശിക്കുന്ന കാര്യങ്ങളില്‍ ഒരു വിടവും തോന്നുകയില്ല. പ്രഭാഷണത്തില്‍ ഉത്തമ പുരുഷനും പ്രഥമ പുരുഷനും അടിക്കടി മാറിക്കൊണ്ടിരിക്കുന്നു. പ്രഭാഷകന്‍ സന്ദര്‍ഭാനുസൃതം ഒരു വിഭാഗത്തെ ചിലപ്പോള്‍ മധ്യമ പുരുഷന്‍മാരായി പരാമര്‍ശിക്കുന്നു. ചിലപ്പോള്‍ അവരെത്തന്നെ പ്രഥമ പുരൂഷ•ാരായി സങ്കല്‍പിച്ച് നേരിട്ടഭിസംബോധന ചെയ്യുന്നു. ചിലപ്പോള്‍ ഏകവചനം പ്രയോഗിക്കുന്നു. ചിലപ്പോള്‍ ബഹുവചനവും. ചിലപ്പോള്‍ ഉത്തമപുരുഷന്‍ അയാള്‍ തന്നെയാകുന്നു. ചിലപ്പോള്‍ മറ്റൊരു വിഭാഗത്തിനുവേണ്ടി സംസാരിക്കുന്നു. ചിലപ്പോള്‍ ഒരത്യുന്നത ശക്തിയെ പ്രതിനിധീകരിക്കുന്നു. പിന്നെ ആ ഉന്നത ശക്തി അയാളുടെ നാവിലൂടെ സ്വയം സംസാരിച്ചു തുടങ്ങുന്നതു കാണാം. ഇതെല്ലാം പ്രഭാഷണത്തിന് ഒരുതരം ആകര്‍ഷകത്വമണയ്ക്കുന്നു. പക്ഷേ, ഇതേ സംഗതി തന്നെ പ്രബന്ധത്തിലാകുമ്പോള്‍ ശിഥിലതയായിത്തീരുന്നു. അതുകൊണ്ടാണ് ഒരു പ്രഭാഷണം അതേപടി പ്രബന്ധമാക്കിയാല്‍ അനുവാചകന് ഒരുവക പരസ്പര ബന്ധമില്ലായ്മ അനുഭവപ്പെടുന്നത്. അയാള്‍ മൂല പ്രഭാഷണത്തിന്റെ സന്ദര്‍ഭ പശ്ചാത്തലങ്ങളില്‍നിന്ന് എത്രത്തോളം അകലെയാകുന്നുവോ അത്രത്തോളം ഈ അനുഭവം വര്‍ധിക്കുന്നു. ചില അജ്ഞ•ാര്‍ അറബി ഖുര്‍ആനില്‍തന്നെ പരസ്പര ബന്ധമില്ലായ്മ ആരോപിക്കാന്‍ കാരണമിതാണ്. അറബി ഖുര്‍ആനില്‍ വിശദീകരണങ്ങളിലൂടെ വാക്യങ്ങളുടെ പരസ്പര ബന്ധം വ്യക്തമാക്കുകയല്ലാതെ അത് ദൂരീകരിക്കുവാന്‍ മറ്റു മാര്‍ഗമൊന്നുമില്ല. കാരണം ഖുര്‍ആന്റെ മൂലത്തില്‍ വല്ലതും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണല്ലോ. പക്ഷേ, ഖുര്‍ആന്‍ മറ്റൊരു ഭാഷയിലേക്ക് ആശയവിവര്‍ത്തനം ചെയ്യുമ്പോള്‍ പ്രഭാഷണഭാഷയെ സൂക്ഷ്മതയോടെ പ്രബന്ധഭാഷയാക്കി മാറ്റുകയാണെങ്കില്‍ ഈ പരസ്പര ബന്ധമില്ലായ്മ എളുപ്പത്തില്‍ ദൂരീകരിക്കപ്പെടുന്നതാണ്.

ഇതിനുംപുറമെ മുകളില്‍ സൂചിപ്പിച്ചതുപോലെ ഖുര്‍ആനിലെ ഓരോ അധ്യായവും ഇസ്ലാമികപ്രബോധനത്തിന്റെ ഓരോ ഘട്ടങ്ങളില്‍, സവിശേഷ സന്ദര്‍ഭങ്ങളില്‍ അവതീര്‍ണമായ പ്രഭാഷണങ്ങളാണ്. ഓരോന്നിനും ഓരോ പ്രത്യേക പശ്ചാത്തലമുണ്ടായിരുന്നു. ചില അവസ്ഥാവിശേഷങ്ങളുടെ താല്‍പര്യമായിരുന്നു അതിന്റെ അവതരണം. അതിന്റെ അവതരണത്തിലൂടെ നിവര്‍ത്തിക്കപ്പെടേണ്ട ചില ആവശ്യങ്ങളുമുണ്ടായിരുന്നു. ഈ അവസ്ഥാവിശേഷങ്ങളോടും അവതരണ പശ്ചാത്തലങ്ങളോടും ഖുര്‍ആനിക അധ്യായങ്ങള്‍ക്കുള്ള ബന്ധം അത്യഗാധമാകുന്നു. എത്രത്തോളമെന്നാല്‍ അതിനെ അവയില്‍നിന്നു മാറ്റിനിറുത്തി പദങ്ങളുടെ തര്‍ജമ മാത്രം വായിക്കുന്ന ഒരാള്‍ക്ക് പല കാര്യങ്ങളും തീരെ മനസ്സിലാകാതെ പോകുന്നു. ചില കാര്യങ്ങള്‍ നേരെ വിപരീതമായി മനസ്സിലാവുകയും ചെയ്യും. ഖുര്‍ആന്റെ സന്ദേശ സാകല്യം അയാള്‍ക്ക് ഒട്ടും പിടികിട്ടിയില്ലെന്നും വരാം. അറബിഖുര്‍ആനില്‍ ഈ പ്രതിസന്ധി തരണംചെയ്യാന്‍ വ്യാഖ്യാനങ്ങളുടെ സഹായം തേടുകയല്ലാതെ മാര്‍ഗമില്ല. കാരണം ഖുര്‍ആന്റെ മൂലത്തില്‍ യാതൊന്നും കൂട്ടിച്ചേര്‍ക്കാന്‍ പറ്റില്ലല്ലോ. എന്നാല്‍ ഇതര ഭാഷകളിലേക്ക് ഖുര്‍ആന്‍ ആശയവിവര്‍ത്തനം ചെയ്യുമ്പോള്‍ വാക്യങ്ങളെ അവയുടെ അവതരണ പശ്ചാത്തലവുമായി ഒരളവോളമെങ്കിലും ബന്ധിച്ചു കൊണ്ടുപോകാനും അങ്ങനെ അത് വായനക്കാരന് സമ്പൂര്‍ണമായി ഗ്രാഹ്യമാക്കാനും നമുക്ക് സ്വാതന്ത്യ്രമെടുക്കാവുന്നതാണ്.

ഇനി ഒരു കാര്യവും കൂടിയുണ്ട്: അതായത്, ഖുര്‍ആന്‍ അവതരിച്ചത് തെളിഞ്ഞ അറബി ഭാഷയിലാണെങ്കിലും അതിന് സ്വകീയമായ ഒരു സവിശേഷ സാങ്കേതികഭാഷയുമുണ്ട്. നിരവധി വാക്കുകളെ അവയുടെ മൌലികമായ ഭാഷാര്‍ഥത്തില്‍നിന്ന് വ്യതിരിക്തമായ പ്രത്യേക അര്‍ഥത്തില്‍ ഉപയോഗിച്ചതായി കാണാം. ഒട്ടേറെ പദങ്ങളെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലും വ്യത്യസ്ത ആശയങ്ങളിലും ഉപയോഗിച്ചിരിക്കുന്നു. പദാനുപദപ്രധാനമായ തര്‍ജമകളില്‍ ഈ സാങ്കേതികഭാഷ പരിഗണിക്കുക എളുപ്പമല്ല. പരിഗണിക്കപ്പെടാതിരുന്നാലോ അനുവാചകന്‍ പലപ്പോഴും ആശയക്കുഴപ്പങ്ങളിലും തെറ്റിദ്ധാരണകളിലും അകപ്പെടുകയും ചെയ്യും. ഉദാഹരണമായി 'കുഫ്റ്' എന്ന പദമെടുക്കാം. കുഫ്റിന് അറബിഭാഷയിലും നമ്മുടെ പണ്ഡിതന്‍മാരുടെയും വചനശാസ്ത്രകാരന്‍മാരുടെയും സാങ്കേതികഭാഷയിലും ഉള്ളതില്‍നിന്ന് വ്യത്യസ്തമായ അര്‍ഥമാണ് ഖുര്‍ആന്റെ സാങ്കേതികഭാഷയില്‍ ഉള്ളത്. കൂടാതെ ഖുര്‍ആന്‍തന്നെ ഈ പദം എല്ലായിടത്തും ഒരേ അര്‍ഥത്തിലല്ല ഉപയോഗിച്ചിട്ടുള്ളത്. ഒരിടത്ത് തികഞ്ഞ അവിശ്വാസമാണുദ്ദേശ്യമെങ്കില്‍ മറ്റൊരിടത്ത് നിഷേധമായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ നന്ദികേട്, ഉപകാരസ്മരണയില്ലായ്മ എന്നീ അര്‍ഥങ്ങളിലാണുപയോഗിച്ചിട്ടുള്ളത്. മറ്റു ചില സന്ദര്‍ഭങ്ങളില്‍ സത്യവിശ്വാസത്തിന്റെ താല്‍പര്യങ്ങളില്‍ വല്ലതും പൂര്‍ത്തീകരിക്കാതിരിക്കുന്നതിനെ സംബന്ധിച്ചും'കുഫ്റ്' എന്നു പറഞ്ഞിരിക്കുന്നു. ഇനിയും ചില സന്ദര്‍ഭങ്ങളില്‍ ആദര്‍ശപരമായി സമ്മതിക്കുകയും പക്ഷേ പ്രവൃത്തിപദത്തില്‍ നിഷേധവും ധിക്കാരവുമനുവര്‍ത്തിക്കുകയും ചെയ്യുന്നതിനെ കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ബാഹ്യമായി അനുസരണം പുലര്‍ത്തുകയും ആദര്‍ശപരമായി നിഷേധമനുവര്‍ത്തിക്കുകയും ചെയ്യുന്നതിനെയാണ് ചിലേടങ്ങളില്‍ കുഫ്റ് എന്നു വ്യവഹരിച്ചിട്ടുള്ളത്. ഈ വ്യത്യസ്ത സന്ദര്‍ഭങ്ങളിലെല്ലാം നാം കുഫ്റിനെ കുഫ്റ് എന്നു തന്നെയോ അല്ലെങ്കില്‍ മറ്റൊരു പ്രത്യേക പദത്തില്‍ മാത്രമോ തര്‍ജമ ചെയ്യുകയാണെങ്കില്‍ തര്‍ജമ സ്വന്തം നിലക്കു ശരിയാകുമെങ്കിലും അനുവാചകന് യഥാര്‍ഥ ആശയം ലഭിക്കാതെ പോകുന്നു. ചിലപ്പോള്‍ അയാള്‍ തെറ്റിദ്ധാരണക്ക് വിധേയനാവുകയോ ആശയക്കുഴപ്പത്തിലകപ്പെടുകയോകൂടി ചെയ്യുന്നു.

പദാനുപദ വിവര്‍ത്തനത്തിന്റെ ഈ കുഴപ്പങ്ങളൊഴിവാക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ആശയ വിവര്‍ത്തനശൈലി സ്വീകരിച്ചിട്ടുള്ളത്. ഖുര്‍ആനിലെ പദങ്ങളെ ഉര്‍ദുവിന്റെ ഉടുപ്പണിയിക്കുന്നതിന് പകരം, ഒരു ഖുര്‍ആന്‍വാക്യം വായിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്ന ആശയം, എന്റെ മനസ്സില്‍ പതിയുന്ന അര്‍ഥം കഴിയുന്നത്ര ശരിയായ രൂപത്തില്‍ സ്വന്തം ഭാഷയില്‍ ഉദ്ധരിക്കാനാണ് ഞാനിതില്‍ ശ്രമിച്ചിട്ടുള്ളത്. വിവരണശൈലിയില്‍ പരിഭാഷച്ചുവയുണ്ടാവരുത്, തെളിഞ്ഞ അറബിമൂലത്തിന്റെ തെളിഞ്ഞ ഉര്‍ദുഭാഷ്യമാകണം, പ്രഭാഷണത്തിലെ പരസ്പരബന്ധം സ്വാഭാവിക രീതിയില്‍ പ്രബന്ധഭാഷയിലും പ്രകടമാവണം, ദൈവിക വചനങ്ങളുടെ ആശയ സന്ദേശങ്ങള്‍ സുസ്പഷ്ടമാകുന്നതോടൊപ്പം അതിന്റെ രാജകീയ പ്രൌഡിയും ഗാംഭീര്യവും കഴിയുന്നത്ര ഭാഷ്യത്തിലും പ്രതിഫലിക്കണം. ഇവ്വിധം സ്വതന്ത്രമായ ഒരു പരിഭാഷക്ക് പദങ്ങളുടെ കെട്ടിക്കുടുക്കുകളില്‍നിന്ന് പുറത്തുകടന്ന് ആശയങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ധൈര്യപ്പെടാതെ നിവൃത്തിയില്ല. എന്നാല്‍ പ്രശ്നം ദൈവിക വചനങ്ങളുടേതാണല്ലോ. അതുകൊണ്ട് വളരെ പേടിച്ചുപേടിച്ചേ ഞാനീ സ്വാതന്ത്യ്രം ഉപയോഗിച്ചിട്ടുള്ളൂ. ഖുര്‍ആന്റെ മൂലവാക്യങ്ങള്‍ സ്വതന്ത്രഭാഷ്യത്തിന് അനുവദിക്കുന്ന പഴുത് എത്രത്തോളമാണോ അത് ഒട്ടും വിട്ടുകടക്കാതിരിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്.

ഇനിയും ഖുര്‍ആനിക സന്ദേശങ്ങള്‍ നന്നായി ഗ്രഹിക്കുന്നതിന് അതിലെ അരുളപ്പാടുകളുടെ പശ്ചാത്തലവുംകൂടി അനുവാചകന്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാകുന്നു. തര്‍ജമയില്‍ അത് വ്യക്തമായി പ്രകടിപ്പിക്കുക സാധ്യമല്ല. അതുകൊണ്ട് ഓരോ അധ്യായത്തിന്റെയും ആരംഭത്തില്‍ ഞാനൊരു ആമുഖം എഴുതിച്ചേര്‍ത്തിരിക്കയാണ്. ആ അധ്യായം ഏതു കാലത്ത്, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏതു ദശയില്‍ അവതരിച്ചു, അന്നത്തെ സ്ഥിതിഗതികളെന്തായിരുന്നു, പ്രശ്നങ്ങളും പ്രയാസങ്ങളും എന്തൊക്കെയായിരുന്നു എന്നു തുടങ്ങിയ കാര്യങ്ങള്‍ എന്നാല്‍ കഴിയുന്നത്ര സൂക്ഷ്മതയോടെ വിശദീകരിക്കാന്‍ അതില്‍ ശ്രമിച്ചിരിക്കുന്നു. അതുപോലെ ഒരു അധ്യായത്തില്‍ ഏതെങ്കിലും പ്രത്യേക സൂക്തത്തിനോ സൂക്തസമുച്ചയത്തിനോ വ്യത്യസ്തമായ വല്ല അവതരണ സാഹചര്യവുമുണ്ടെങ്കില്‍ അതും വ്യാഖ്യാനക്കുറിപ്പിലൂടെ തല്‍സ്ഥാനത്തു വിവരിച്ചിട്ടുണ്ട്.

വ്യാഖ്യാനത്തില്‍ അനുവാചകന്റെ ശ്രദ്ധ ഖുര്‍ആനില്‍നിന്നകറ്റി മറ്റു വല്ലതിലേക്കും തിരിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളിലേര്‍പ്പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ഞാനെഴുതിയിട്ടുള്ള വ്യാഖ്യാനങ്ങളത്രയും രണ്ടുതരം സ്ഥലങ്ങളില്‍ മാത്രമാകുന്നു. ഒന്ന്, ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ചേടത്തോളം വ്യാഖ്യാനം ആവശ്യമായ ഇടങ്ങള്‍, അല്ലെങ്കില്‍ അയാളുടെ മനസ്സില്‍ ചില ചോദ്യങ്ങളുദിക്കുമെന്നും വ്യാഖ്യാനത്തിന്റെ അഭാവത്തില്‍ അയാള്‍ സംശയഗ്രസ്തനായിത്തീരുമെന്നും എനിക്ക് തോന്നിയ ഇടങ്ങള്‍. രണ്ട്, വിശദീകരിക്കപ്പെട്ടില്ലെങ്കില്‍ സാധാരണ വായനക്കാരന്‍ ആ ഖുര്‍ആന്‍ വചനത്തിന്റെ അര്‍ഥധ്വനികള്‍ മനസ്സിലാക്കാതെ ഉപരിപ്ളവമായി വായിച്ചുപോയ്ക്കളയുമെന്ന് ഞാനാശങ്കിച്ച സ്ഥലങ്ങള്‍.

ഈ ഗ്രന്ഥം തികച്ചും പ്രയോജനപ്പെടുത്തണമെന്നാഗ്രഹിക്കുന്നവരോട് എനിക്കുള്ള ശുപാര്‍ശയിതാണ്: ആദ്യമായി ഓരോ അധ്യായത്തിന്റെയും ആമുഖം ശ്രദ്ധയോടെ വായിക്കുക. ഒരു അധ്യായം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടക്കിടെ അതിന്റെ ആമുഖത്തില്‍ കണ്ണോടിക്കുന്നത് നന്നായിരിക്കും. പിന്നെ, നിത്യവും പാരായണം ചെയ്യാനുദ്ദേശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഓരോന്നിന്റെയും പദാനുപദ തര്‍ജമ നേരത്തേ വായിച്ചിരിക്കണം. ഇംഗ്ളീഷ്, ഉര്‍ദു, പാര്‍സി തുടങ്ങിയ ഭാഷകളിലുള്ള തര്‍ജമകള്‍ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. അനന്തരം നിങ്ങള്‍ പാരായണം ചെയ്യുന്ന ഖണ്ഡത്തിലെ പ്രമേയം സമഗ്രമായി മുന്നില്‍ വരുന്നതിനുവേണ്ടി തഫ്ഹീമുല്‍ ഖുര്‍ആനിലെ തര്‍ജമ വ്യാഖ്യാനക്കുറിപ്പുകള്‍ ശ്രദ്ധിക്കാതെ ഒരു പ്രബന്ധമെന്ന നിലയില്‍ തുടര്‍ച്ചയായി വായിക്കുക. പിന്നെ ഓരോ സൂക്തവും വിശദമായി ഗ്രഹിക്കാന്‍ വ്യാഖ്യാനക്കുറിപ്പുകളും വായിക്കുക. ഈ വിധമുള്ള പാരായണത്തിലൂടെ ഒരു സാധാരണ വായനക്കാരന് വിശുദ്ധ ഖുര്‍ആനില്‍ പണ്ഡിതോചിതമായ വ്യുല്‍പത്തിയൊന്നുമല്ല, സാമാന്യവിജ്ഞാനം നല്ലനിലയില്‍ കരഗതമാകുമെന്നാണ് എന്റെ പ്രതീക്ഷ. 1361 മുഹര്‍റത്തില്‍ (1942 ഫെബ്രുവരി) ആണ് ഈ ഗ്രന്ഥത്തിന്റെ രചനയാരംഭിച്ചത്. അഞ്ചുവര്‍ഷത്തിലേറെക്കാലം അത് മുടങ്ങാതെ തുടര്‍ന്നു. സൂറ യൂസുഫിന്റെ അവസാനംവരെയുള്ള തര്‍ജമയും വ്യാഖ്യാനവും തയ്യാറായി. തുടര്‍ന്ന് ഒന്നും എഴുതാനവസരം കിട്ടാത്തവിധം പലവിധ പ്രതിബന്ധങ്ങളും നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ചെയ്തുകഴിഞ്ഞ ഭാഗങ്ങള്‍തന്നെ ഒന്ന് പുനഃപരിശോധിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പറ്റിയവണ്ണം ക്രോഡീകരിക്കാനുള്ള സാവകാശം പോലും ലഭ്യമായില്ല. പിന്നീട്, എന്റെ യാദൃഛിക ഭാഗ്യമെന്നോ ദൌര്‍ഭാഗ്യമെന്നോ പറയട്ടെ, 1948 ഒക്ടോബറില്‍ പബ്ളിക് സേഫ്റ്റി ആക്ടിന്റെ പേരില്‍ സര്‍ക്കാര്‍ എന്നെ അറസ്റു ചെയ്തു ജയിലിലടച്ചു. ഈ ഗ്രന്ഥം പ്രസ്സില്‍ കൊടുക്കാന്‍ പറ്റിയ വിധത്തില്‍ ക്രോഡീകരിക്കാനുള്ള അവസരം എനിക്കവിടെ കിട്ടി. ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ്: ഞാനീപരിശ്രമത്തിലേര്‍പ്പെട്ടത് ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ അത് പൂര്‍ത്തീകരിക്കപ്പെടേണമേ! ഈ ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്റെ ബോധനത്തില്‍ ദൈവദാസന്മാര്‍ക്ക് യഥാര്‍ഥത്തില്‍ തന്നെ സഹായകമായി ഭവിക്കേണമേ!!

അബുല്‍ അഅലാ
ന്യൂ സെന്‍ട്രല്‍ ജയില്‍
മുള്‍ട്ടാന്‍
18 ദുല്‍ഖഅ്ദ് 1368
11 സെപ്തംബര്‍ 1949