ടെക് നോളജിയുടെ വളര്‍ച്ചയും വികസനവുമനുസരിച്ച് നമ്മുടെ ശീലങ്ങളും മാറുന്നു. പുസ്തകത്താളുകളില്‍ നിന്ന് നമ്മുടെ വായനശീലം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് അതിവേഗം പറിച്ചു നടപ്പെടുകയാണ്. പുസ്തകത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ വായനക്ക് ഒരുപാട് മികവുകളുണ്ട്, മികവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലേകപ്രശസ്ത പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥമായ തഫ് ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പിന്റെ നിര്‍മ്മാണം നടന്നത്.

പണ്ഡിതരും കമ്പ്യൂട്ടര്‍ വിഗദ്ധരുമടങ്ങുന്ന ഒരുകൂട്ടം പ്രവര്‍ത്തകരുടെ ഒരു വര്‍ഷത്തിലേറെ നിണ്ടുനിന്ന ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലസിദ്ധിയെന്ന നിലക്ക് പുറത്തിറങ്ങിയ സോഫ്റ്റ്വെയര്‍ മലയാളി സമൂഹം അത്യധികം ആവേശത്തോടെയാണ് ഏറ്റ്വാങ്ങിയത്. ലളിതമായ മുഖപ്പേജ്, ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടന, എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഉപയോഗക്രമം തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളായിരുന്നു.

ഉസ്മാനി ലിപി, ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ത്ഥം, മയാളത്തിലും ഇംഗ്ളീഷിലും ആയത്തുകളുടെ അര്‍ത്ഥം, വ്യത്യസ്ത രീതികളില്‍ ഇന്‍ഡക്സ് സൌകര്യം, ഖുര്‍ആന്‍ ആദ്യം മുതല്‍ പേജ് മറിച്ച് വായിക്കാനും പാരായണം കേള്‍ക്കാനും സൌകര്യം, മൂന്ന് പ്രശസ്ത പണ്ഡിതന്‍മാരുടെ പാരായണം, തഫ്ഹീമിലെ ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണം, വിപുലമായ സെര്‍ച്ച് സൌകര്യം, തജീവീദ് (പാരായണ നിയമം) പഠനത്തിന് പ്രത്യേകം സംവിധാനം, സന്ദര്‍ഭോചിതമായി തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെയും മാപ്പുകളുടെയും ശേഖരം, വീഡിയോ ക്ലിപ്പുകള്‍, ഖുര്‍ആന്‍ പഠനത്തിലേക്ക് വെളിച്ചം പകരുന്ന ഈടുറ്റ ലേഖനങ്ങള്‍, ഖുര്‍ആന്‍ ക്വിസ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഇതിനെ കിടയറ്റ സോഫ്റ്റ്വെയറാക്കി. കേവലം പേജ് മറിച്ചുള്ള വിരസമായ വായനാ രീതിക്ക് പകരം ഡിജിറ്റല്‍ സംവിധാനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യങ്ങളിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ അവലംബമാക്കിയപ്പോള്‍ മലയാളം സോഫ്റ്റ്വെയര്‍ വികസനരംഗത്ത് പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കാനായി എന്നതും എടുത്തുപറയേണ്ട നേട്ടമാണ്.

തഫ് ഹീമുല്‍ ഖൂര്‍ആന്‍ ഇപ്പോള്‍ നെറ്റിലും ലഭ്യമാവുകയാണ്. ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാവുന്ന അറിവിന്റെ ശേഖരം അപരിമേയമാണ്. വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക വിജ്ഞാനങ്ങള്‍ക്ക് ഇന്ന് ഇന്റര്‍നെറ്റില്‍ വലിയൊരു ശേഖരം തന്നെയുണ്ട്. വിശുദ്ധ ഖുര്‍ആന്റെ നുറുക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളും വ്യത്യസ്ത ഖാരിഉകളുടെ വിവിധ രീതിയിലെ ഖുര്‍ആന്‍ പാരായണങ്ങളും ഖുര്‍ആന്‍ വിജ്ഞാനങ്ങളും ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ ശേഖരങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ മലയാള ഭാഷക്ക് കാര്യമായ വിഹിതമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ആ വിടവ് നികത്താന്‍ തഫ് ഹീമുല്‍ ഖുര്‍ആന്റെ വെബ് എഡിഷന് ഏറെക്കുറെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

വി.കെ. അബ്ദു
കണ്‍വീനര്‍
തഫ് ഹീമുല്‍ ഖൂര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്ട്

E mail:vkabdu@gmail.com