ടി.കെ. ഉബൈദ്
പൊന്നാനി താലൂക്കിലെ കാഞ്ഞിരമുക്ക് ഗ്രാമത്തില്‍ തൈപറമ്പില്‍ കളത്തില്‍ കുടുംബത്തില്‍ ഐ.ടി.സി മുഹമ്മദ് അബ്ദുല്ല നിസാമിയുടെയും ആഇശ ഹജ്ജുമ്മയുടെയും മകനായി 1948-ല്‍ ജനിച്ചു. പിതാമഹന്‍ കോക്കൂര്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാരും മാതാമഹന്മരായ പാനായിക്കുളം പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരും വെളിയങ്കോട് തട്ടാങ്ങരകുട്ട്യാമു മുസ്ലിയാരും അവരുടെ കാലത്ത് കേരളത്തില്‍ അറിയപ്പെട്ട മതപണ്ഡിതന്മരായിരുന്നു.
വിദ്യാഭ്യാസം: സ്വകുടുംബത്തില്‍നിന്നു തന്നെയായിരുന്നു പ്രാഥമിക മതവിദ്യാഭ്യാസം. പ്രദേശത്തെ സ്കൂള്‍ പഠനത്തിനു ശേഷം ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ വിദ്യാഭ്യാസം
പൂര്‍ത്തിയാക്കി.
1972-ല്‍ മര്‍ഹൂം പി. മുഹമ്മദ് അബുല്‍ ജലാല്‍ മൌലവിയുടെ പത്രാധിപത്യത്തില്‍ പെരിന്തല്‍മണ്ണ ഇസ്ലാമിക് മിഷന്‍ ട്രസ്റ് ആരംഭിച്ച, മലയാളത്തിലെ ആദ്യത്തെ ഇസ്ലാമിക ബാലപ്രസിദ്ധീകരണമായ സന്മാര്‍ഗം ദ്വൈവാരികയുടെ സ്ഥാപക സഹപത്രാധിപരായി പത്രപ്രവര്‍ത്തനരംഗത്തു പ്രവേശിച്ചു.
1974-ല്‍ പ്രബോധനം വാരികയില്‍ ചേര്‍ന്നു. '77 മുതല്‍ '87 വരെ പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായിരുന്നു. '87 മുതല്‍ '92 വരെ പ്രബോധനം വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. '93-'94-ല്‍ മാധ്യമം ദിനപത്രത്തിന്റെ കൊച്ചി എഡിഷനില്‍ റസിഡന്റ് എഡിറ്ററും പ്രബോധനം വാരികക്ക് പകരമായി പുറത്തിറക്കിയ ബോധനം വാരികയുടെ എഡിറ്ററുമായിരുന്നു. ഇപ്പോള്‍
പ്രബോധനം വാരികയുടെയും മലര്‍വാടി ബാലമാസികയുടെയും എഡിറ്ററും
ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റ് എഡിറ്ററുമാണ്.
കൃതികള്‍: കുട്ടികള്‍ക്കുവേണ്ടി രചിച്ച ആദം ഹവ്വയാണ് പ്രഥമ കൃതി. രണ്ടാമത്തെ കൃതിയായ ലോകസുന്ദരനും ബാല സാഹിത്യമാണ്. ആധുനിക മനുഷ്യന്റെ പ്രശ്നങ്ങള്‍ ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന പുസ്തകമാണ് സ്വാതന്ത്യ്രത്തിന്റെ ഭാരം. സമകാലീന സാഹചര്യത്തില്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ സൂക്ഷ്മതയോടെ സമീപിക്കേണ്ട ചില വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഇസ്ലാമിക പ്രവര്‍ത്തനം ഒരു മുഖവുര. നിത്യജീവിതത്തിലെ കര്‍മശാസ്ത പ്രശ്നങ്ങളാണ് പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍ എന്ന കൃതി കൈകാര്യം ചെയ്യുന്നത്. ഇസ്ലാമിക സംസ്കാരത്തിന്റെ ആധാര ശിലകളായ കുറേ ഹദീസുകളുടെ വിശദീകരണമാണ് ഹദീസ് ബോധനം. സാമൂഹിക പരിവര്‍ത്തനങ്ങള്‍ ഇസ്ലാമിക ശരീഅത്തില്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് വിവിധ ഇസ്ലാമിക ചിന്തകന്‍മാര്‍
പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ സമാഹരിച്ച് എഡിറ്റ് ചെയ്ത് തയാറാക്കിയ
പുസ്തകമാണ് ഇസ്ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും. ആത്മാന്വേഷണ വിഷയകമായി ഇദ്ദേഹം രചിച്ച ശ്രദ്ധേയമായ കൃതിയാണ് മനുഷ്യാ നിന്റെ മനസ്സ്.ഇസ്ലാമിലെ ദൈവസങ്കല്‍പം ഇതരമതസ്തര്‍ക്കുകൂടി ഗ്രാഹ്യമാകുന്ന ഭാഷയില്‍ സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് അല്ലാഹു.
ഒന്നര ദശകത്തോളമായി പ്രബോധനം വാരികയില്‍ ഖുര്‍ആന്‍ ബോധനം എന്ന ശീര്‍ഷകത്തില്‍ ഖുര്‍ആന്‍ പഠന പംക്തി എഴുതിവരുന്നു. സൂക്തങ്ങളുടെ പരിഭാഷക്കും വിശദീകരണത്തിനും പുറമെ പദാനുപദ അര്‍ഥവും കൂടിച്ചേര്‍ത്തിട്ടുള്ള ഖുര്‍ആന്‍ ബോധനം അറബി അക്ഷരജ്ഞാനമുള്ള സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ മൂലസഹിതം പഠിക്കാന്‍ ഏറെ സഹായകമാണ്. ഇതിന്റെ കന്നട പരിഭാഷ, മംഗലാപുരത്തുനിന്ന്
പുറത്തിറങ്ങുന്ന കന്നട ഇസ്ലാമിക വാരികയായ സന്മാര്‍ഗയും ഖണ്ഡശ്ശഃ
പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. പ്രബോധനത്തില്‍ സൂറ ഹൂദ് വരെ എത്തിയ ഖുര്‍ആന്‍ ബോധനത്തിന്റെ അല്‍ അഅ്റാഫ് വരെയുള്ള സൂറകള്‍ നാലു വാള്യങ്ങളായി ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
ഖുര്‍ആന്‍ ഭാഷ്യത്തിനു പുറമെ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ തന്നെ ആറുവാള്യങ്ങളടങ്ങിയ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന വിഖ്യാതമായ ഖുര്‍ആന്‍ വ്യാഖ്യാനവും ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്ദങ്ങളും (ഖുര്‍ആന്‍ കി ചാര്‍ ബുന്‍യാദി ഇസ്തിലാഹേന്‍) ഉബൈദ് ഉറുദു ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഗ്രന്ഥങ്ങളാണ്. ഈജിപ്ഷ്യന്‍ പണ്ഡിതനായ അല്‍ ഉസ്താദ് സയ്യിദ് സാബിഖ് രചിച്ച ഫിഖ്ഹുസ്സുന്ന എന്ന കര്‍മശാസ്ത്ര ബൃഹദ് ഗ്രന്ഥത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും അറബി സാഹിത്യത്തിലെ ക്ളാസിക് കൃതിയായ കലീലയും ദിംനയും (കലീലഃ വദിംനഃ) ഇദ്ദേഹം അറബി ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിരിക്കുന്നു. ഈ ഗ്രന്ഥങ്ങളെല്ലാം അനേകം പതിപ്പുകളിലൂടെ കേരളത്തില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
കാട്ടിപ്പരുത്തി കളത്തില്‍ കുഞ്ഞുട്ടിഹാജിയുടെ മകള്‍ സഹ്റയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്റ, തസ്നീംഹാദി.
വിലാസം: ബുശ്റാ ഭവന്‍, സി.വി ജംഗ്ഷന്‍, പൊന്നാനി - 679 577.
ഫോണ്‍: 04942668146, മൊബൈല്‍: 9633709603
ടി.കെ. അബ്ദുല്ല
കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായി 1930ല്‍ ജനിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമുഅഃ മസ്ജിദ്, പുളിക്കല്‍ മദീനതുല്‍ ഉലൂം, കാസര്‍ഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1959 ല്‍
ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി.
ആലിയ അറബിക് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, 1950 ല്‍ ജമാഅത്തെ ഇസ്ലാമി അമീറായിരുന്ന ഹാജിസാഹിബിന്റെ നിര്‍ദ്ദേശപ്രകാരം പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ ചേര്‍ന്നു. 1959 ല്‍ ഹാജിസാഹിബിന്റെ മരണത്തെ തുടര്‍ന്ന്
ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി.
1964 ല്‍ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു. 1965 മുതല്‍ സംഘടനാപരമായ മറ്റുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നതിനാല്‍ അദ്ദേഹം പ്രബോധനത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. എങ്കിലും 1988 വരെ ഔദ്യോഗികമായി പത്രാധിപസ്ഥാനത്ത് തുടര്‍ന്നു.
1992ല്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ നിരോധിക്കപ്പെട്ട പ്രബോധനം 1994 ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ ടി.കെ ഒരിക്കല്‍കൂടി ചീഫ്
എഡിറ്ററായി. 1995 അവസാനത്തില്‍ കെ. സി. അബ്ദുല്ല മൌലവിടെ നിര്യാണത്തെ തുടര്‍ന്ന് പ്രബോധനത്തില്‍ നിന്ന് വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു..
ആദ്യകാലം മുതല്‍തന്നെ ജമാഅത്തെ ഇസ്ലാമി കേരള ശൂറായിലും 1972 മുതല്‍
കേന്ദ്രശൂറയിലും അംഗമാണ്. 1972 - 79 ലും 1982 - 84 ലുമായി രണ്ടുതവണ ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ അമീര്‍ സ്ഥാനവും വഹിച്ചു.
ഉജ്ജ്വലവാഗ്മിയും ചിന്തകനും മികച്ച സംഘാടകനുമായ ടി.കെ കേരള മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗമാണ്. കൂടാതെ ഐ. പി. ടി മെമ്പര്‍, അല്‍ മദീന ചാരിറ്റബിള്‍ ട്രസ്റ് മെമ്പര്‍, ദല്‍ഹി ദഅ്വത്ത് ട്രസ്റ് മെമ്പര്‍, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, , ഐ. എസ്. ടി. മെമ്പര്‍, ഐ. എം. ടി. മെമ്പര്‍, വിജ്ഞാന കോശം ചീഫ് എഡിറ്റര്‍, ബോധനം ദ്വൈമാസിക ചീഫ് എഡിറ്റര്‍, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, അല്‍ ജാമിഅ അല്‍ ഇസ്ലാമിയ വിസിറ്റിംഗ് പ്രൊഫസര്‍, കുറ്റ്യാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു.
ആദ്യകാലത്ത് പ്രബോധനത്തില്‍ തുടര്‍ച്ചയായി ലേഖനം എഴുതുകയും ധാരാളം ലേഖനങ്ങള്‍ ഉറുദുവില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തിരുന്നു. ടി.കെ യുടെ പ്രസിദ്ധമായ ചില പ്രസംഗങ്ങള്‍ ‘നാഴികക്കല്ലുകള്‍’ എന്ന പേരില്‍
സമാഹരിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞാമിന. പ്രബോധനം വാരികയുടെ സബ് എഡിറ്ററായിരുന്ന ടി. കെ. എം. ഇഖ്ബാല്‍ ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്റും ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് ഡയറക്ടറുമായ ടി. കെ ഫാറൂഖ് എന്നിവര്‍ പുത്രന്‍മാരാണ്. ഒരു പുത്രിയുണ്ട്.
ടി. ഇസ് ഹാഖലി
പാലക്കാട് ജില്ലയില്‍ ആനക്കര പഞ്ചായത്തിലെ പന്നിയൂരില്‍ മൊയ്തീന്‍ കുട്ടിയുടെയും ബീവിക്കുട്ടിയുടെയും മകനായി 1926ല്‍ ജനിച്ചു. അഞ്ചാം ക്ളാസ് വരെ ആനക്കര മാപ്പിളസ്കൂളില്‍ പഠിച്ച ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. അയല്‍ പ്രദേശമായ കുമ്പിടി ജുമുഅത്ത് പള്ളിയില്‍ നിന്നായിരുന്നു. തുടക്കം. തുടര്‍ന്ന് കുറ്റിപ്പുറം, കൂടല്ലൂര്‍, ആനക്കര, തൊഴുവാനൂര്‍, തിരുവേഗപ്പുറ, ചാവക്കാട്, പുതിയങ്ങാടി എന്നിവിടങ്ങളിലെ പള്ളിദര്‍സുകളില്‍ പഠിച്ചു.
പുതിയങ്ങാടിയില്‍ പഠിക്കുമ്പോള്‍ ഫലകി മുഹമ്മദ് മുസ്ലിയാരുമായുള്ള ബന്ധം വഴി പുരോഗമനാശയങ്ങളില്‍ ആകൃഷ്ടനായി. പിന്നീട് ഫലകിയുടെ നിര്‍ദ്ദേശപ്രകാരം ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. സാമ്പത്തിക പ്രയാസം മൂലം ദാറുല്‍ ഉലൂം അടച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൌലവി തിരൂരങ്ങാടിയില്‍
ആരംഭിച്ച ദര്‍സില്‍ ചേര്‍ന്നു. പിന്നീട് പുളിക്കല്‍ മദീനതുല്‍ ഉലൂം ആരംഭിച്ചപ്പോള്‍ അവിടേക്ക് മാറി. അക്കാലത്ത് ഹാജിസാഹിബുമായി പരിചയപ്പെടുകയും ജമാഅത്തെ ഇസ്ലാമിയില്‍ ആകൃഷ്ടനാവുകയും ചെയ്തു.
അറബി, ഉറുദു ഭാഷകളില്‍ മികച്ച പ്രാവീണ്യമുണ്ടായിരുന്ന ഇസ്ഹാഖ് അലി മൌലവിക്ക് മതവിഷയങ്ങളില്‍ ആഴത്തിലുള്ള വ്യുല്‍പത്തിയുണ്ടായിരുന്നു. 1948 ല്‍
ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകം രൂപീകൃതമായതു മുതല്‍ പ്രസ്ഥാനത്തില്‍ അംഗമായ മൌലവി കേരളത്തില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള ശൂറാംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അധ്യാപനമാണ് ഇസ്ഹാഖ് അലി മൌലവി വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു മേഖല. എടവനക്കാട് ഇര്‍ശാദുല്‍ മുസ്ലിമീന്‍, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജ്, ശാന്തപുരം ഇസ്ലാമിയാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും കുറ്റ്യാടി ഇസ്ലാമിയാ കോളേജിലും ശാന്തപുരം ഇസ്ലാമിയാ കോളേജിലും പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നല്ലൊരു അധ്യാപകന്‍ എന്നതിനുപുറമെ പ്രഗദ്ഭനായ വിദ്യാഭ്യാസ ചിന്തകന്‍ കൂടിയായിരുന്നു. നിരവധി മദ്രസഃ പാഠ്യപുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ശാന്തപുരത്ത് അധ്യാപകനായിരുന്ന കാലത്ത് അവിടെത്തന്നെയായിരുന്നു താമസം. 1965 ല്‍ ശാന്തപുരത്തെ വീട് ഒഴിവാക്കി വളാഞ്ചേരിക്കടുത്ത മീമ്പാറയില്‍ സ്ഥിരതാമസമാക്കി. രോഗം കാരണം ഡോക്ടര്‍മാര്‍ വിലക്കുന്നതുവരെ അധ്യാപനം തുടര്‍ന്നു.
പിന്നീട് കോഴിക്കോട് വെള്ളിമാടുകുന്നില്‍ ജമാഅത്തെ ഇസ്ലാമി ഗ്രന്ഥരചനാ വിഭാഗത്തില്‍ കുറേക്കാലം സേവനമനുഷ്ഠിച്ചു.
കൃതഹസ്തനായിരുന്ന ഒരെഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അബൂശാകിര്‍ എന്ന തൂലികാ നാമത്തില്‍ ദീര്‍ഘകാലം പ്രബോധനം വാരികയിലെ പ്രശ്നവും വീക്ഷണവും എന്ന കമര്‍ശാസ്ത്ര പംക്തി കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ 1,2 വാള്യങ്ങളുടെ വിവര്‍ത്തകരില്‍ ഒരാളും ഫിഖ്ഹുസ്സുന്ന 1,2,3 വാള്യങ്ങളുടെ വിവര്‍ത്തകനും അദ്ദേഹമാണ്. കൂടാതെ ഹദീസ് ഭാഷ്യം, പ്രാര്‍ഥനകള്‍ എന്നീ സ്വതന്ത്ര കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
1985 നവംബര്‍ 25 ന് ഇഹലോകവാസം വെടിഞ്ഞു. അഞ്ച് മക്കളുണ്ട്; മൂന്ന് പെണ്ണും രണ്ട് ആണും.
വി.കെ. അലി
മലപ്പുറം ജില്ലയിലെ എടയൂരില്‍ വള്ളൂരന്‍ ബാവുട്ടിയുടെയും വള്ളൂരന്‍ കുഞ്ഞാച്ചുട്ടിയുടെയും മകനായി 1948 ല്‍ ജനിച്ചു. തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ശാന്തപുരം ഇസ്ലാമിയ കോളേജ്, ഖത്വറിലെ മഅ്ഹദുദ്ദീനീ, ഖത്വര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു.
1970 മുതല്‍ മൂന്നുവര്‍ഷം പ്രബോധനം വാരികയുടെ സഹപത്രാധിപരായിരുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജിലും 1980 മുതല്‍ ദീര്‍ഘകാലം ഖത്വറിലെ വഖഫ് മന്ത്രാലയത്തിലും ജോലി ചെയ്തു. ബോധനം ചീഫ് എഡിറ്റര്‍, ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി, ഐ. പി. എച്ച് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്ലാമിയയില്‍ മുദീര്‍ ആയി സേവനമനുഷ്ഠിക്കുന്നു. കൂടാതെ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ മെമ്പര്‍, ജമാഅത്തെ ഇസ്ലാമി കേന്ദ്രപ്രതിനിധി സഭാ മെമ്പര്‍, മജ്ലിസ് സംസ്ഥാന സമിതി മെമ്പര്‍, മസ്ജിദ് കൌണ്‍സില്‍ മെമ്പര്‍, ഹജ്ജ് സെല്‍ മെമ്പര്‍, ഉലമാ കൌണ്‍സില്‍ മെമ്പര്‍, ഖുര്‍ആന്‍ സ്റഡീ സെന്റര്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍, സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍, ഇസ്ലാമിക വിജ്ഞാനകോശം പത്രാധിപസമിതി അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയര്‍ മെമ്പര്‍, മജല്ലതുല്‍ ജാമിഅഃ (അറബി മാഗസിന്‍) ചീഫ് എഡിറ്റര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു.
അറബി, ഉറുദു, ഇംഗ്ളീഷ്, ഹിന്ദി, മലയാളം ഭാഷകള്‍ അറിയാം. കേരള ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സമിതിയായ മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിക്കുവേണ്ടി നബിചരിത്രം, ഖുര്‍ആന്‍ പഠനം എന്നീ പാഠപുസ്തകങ്ങള്‍ രചിച്ചു. കൂടാതെ ഇസ്ലാമിന് രാഷ്ടീയ വ്യാഖ്യാനമോ, അതികായന്‍മാരുടെ സംവാദം, ഇസ്ലാം രാഷ്ട്രീയം അധികാരം, വിമര്‍ശിക്കപ്പെടുന്ന മൌദൂദി എന്നിവ വിവര്‍ത്തനഗ്രന്ഥങ്ങളാണ്.
ഭാര്യ: തങ്കയത്ത് ഇത്തീരുമ്മ
മക്കള്‍: മന്‍സൂര്‍, ഹിശാം, നബീല്‍, സുറയ്യ, സല്‍വ.
വിലാസം:
പി. ഒ. എടയൂര്‍, വഴി. വളാഞ്ചേരി, മലപ്പുറം, പിന്‍: 676 554 |