തഫ് ഹീമുല്‍ ഖുര്‍അന്റെ കമ്പ്യുട്ടര്‍ പതിപ്പ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഒരു സമ്പൂര്‍ണ ഓണ്‍ലൈന്‍ എഡിഷന്‍ കൂടി ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്തരമൊരാഗ്രഹം ഈ മേഖലയില്‍ താല്‍പര്യമുള്ള സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോള്‍ പൂര്‍ണ സഹകരണമാണ് ഉറപ്പുനല്‍കിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ തഫ് ഹീമുല്‍ ഖൂര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രോജക്ടിന്റെ ഡയരക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് , കണ്‍വീനര്‍ വി. കെ. അബ്ദു എന്നിവര്‍ പ്രകടിപ്പിച്ച താല്‍പര്യവും പിന്തുണയും പ്രത്യേകം ഓര്‍മിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന ആത്മാര്‍ഥവും നിസ്വാര്‍ത്ഥവുമായ
ഒരു ടീം വര്‍ക്കിന്റെ ഫലമാണ് നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൌസറില്‍ കാണുന്ന തഫ് ഹീമുല്‍ ഖുര്‍ആന്‍ (www.thafheem.net ) . അല്‍ഹംദുലില്ലാ.വിശുദ്ധ ഖുര്‍ആന്റെ ആശയങ്ങളും താല്‍പര്യങ്ങളും സാധാരണക്കാര്‍ക്ക് പോലും മനസ്സിലാവും വിധം ഏറെ സരളവും ഹൃദ്യവുമായ
ശൈലിയാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൌദുദി തഫ് ഹീമുല്‍ഖുര്‍ആനിന്റെ രചനക്ക് സ്വീകരിച്ചിരിക്കുന്നത്.
ഇതു തന്നെയാണ് ഇതര ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നിന്നും തഫ് ഹീമുല്‍ ഖുര്‍ആനെ വ്യതിരിക്തമാക്കുന്നതും. അതുകൊണ്ട്തന്നെ ഇന്റര്‍നെറ്റ് സൗകര്യമുള്ള, ജീവിതത്തിന്റെ ഏത് മേഖലയിലുള്ളവര്‍ക്കും തഫ് ഹീമുല്‍ ഖുര്‍ആന്‍ ഓണ്‍ലൈന്‍ എഡിഷന്‍ ഏറെ അനുഗ്രഹമായിരിക്കും. മലയാളത്തില്‍ പ്രിന്റ് എഡിഷനും കമ്പ്യുട്ടര്‍ എഡിഷനും ഇപ്പോള്‍ ഓണ്‍ലൈന്‍ എഡിഷനും ഉണ്ടായത് തന്നെ തഫ് ഹീമുല്‍ ഖുര്‍ആന്റെ ജനകീയതയാണ് വിളിച്ചോതുന്നത്.

വിശുദ്ധ ഖുര്‍ആന്റെ വിവിധഭാഷകളിലുള്ള പരിഭാഷകളും വ്യാഖ്യാനങ്ങളും നെറ്റില്‍ ലഭ്യമാണങ്കിലും മലയാളത്തില്‍ ഇത്ര വിപുലവും ബൃഹത്തുമായ മറ്റൊന്ന് ഇല്ലന്നതാണ് വസ്തുത. അത്തരമൊരു വിടവ് ഈ ഓണ്‍ലൈന്‍ എഡിഷന് ഏറെക്കുറെ നികത്താന്‍ സാധിക്കുമോന്നാണ് പ്രതീക്ഷ. കമ്പ്യൂട്ടര്‍ എഡിഷനില്‍ ഇല്ലാത്ത ചില അധിക സൌകര്യങ്ങള്‍കൂടി വെബ് എഡിഷനില്‍ ചേര്‍ത്തിട്ടുണ്ട്. ഇത്തരം സൌകര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.

ഖുര്‍ആന്‍ സൂക്തങ്ങളുടെ അറബിക് ടെക്‌സ്റ്റ് www.tanzil.info എന്ന വെബ്‌സൈറ്റില്‍ നിന്നാണ് എടുത്തിരിക്കുന്നത്. അറബിക് യൂണികോഡില്‍ തയ്യാറാക്കി സ്വതന്ത്ര ഉപയോഗത്തിനായി സമര്‍പ്പിക്കപെട്ട ടെക്സ്റ്റാണിത്‌. ഖുര്‍ആനുമായി ബന്ധപെട്ട് ഇത്തരമൊരു സേവനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കുമാറാവട്ടെ.

ഓണ്‍ലൈന്‍ എഡിഷന്റെ ഡാറ്റാബേസ് തയ്യാറാക്കിയ കെ. ടി. ഹനീഫ്, സൈറ്റിന്റെ രൂപകല്‍പനയില്‍ മുഖ്യപങ്ക് വഹിച്ച ഷൈജര്‍ നവാസ്, ഇതിന്റെ പൂര്‍ണതക്ക് വേണ്ടി ആത്മാര്‍ഥ സേവനം ചെയ്ത നബീല്‍ കല്ലായില്‍, ടി. അഹ്മദ് മുഹ്സിന്‍, സി. ടി. അബൂദര്‍റ്, ഫാഹിസ് മായനാട്,ഷഹീന്‍ മായനാട്, ശിഫാന കല്ലായി, അന്‍ഷദ് വണ്ടാനം,ജലീല്‍ ഒതളൂര്‍
എന്നിവരുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്. അല്ലാഹു എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാവട്ടെ.

ഇത് എല്ലാം തികഞ്ഞ കുറ്റമറ്റ ഒന്നാണെന്ന് പറയുന്നില്ല. പോരായ്മകള്‍ കണ്ടേക്കാം. കുറ്റമറ്റതാവണമെന്നാണ് വിനീതമായ ആഗ്രഹം. അതിന്നായി പരമാവധി ശ്രമിച്ചിട്ടുണ്ട്. തെറ്റുകള്‍ സ്നേഹബുദ്ധ്യാ ചൂണ്ടികാണിച്ച് വിലപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.

ഖുര്‍ആനിക വചനങ്ങളുടെ പ്രചാരണ മാര്‍ഗത്തില്‍ സേവനമര്‍പ്പിച്ച എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കി അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീന്‍.

 

കെ. എ. നാസര്‍
വെബ് സൈറ്റ് കോഡിനേറ്റര്‍

ഫോണ്‍: 9946 666 139
E mail: kanvr2@gmail.com