സയ്യിദ് അബുല്‍ അഅ`ലാ മൌദൂദി
-------------&-------------

 

ഹിജ്റ വര്‍ഷം 1321 റജബ് 3-ന് (1903 സെപ്റ്റംബര്‍ 25) പഴയ ഹൈദറാബാദ് സംസ്ഥാനത്തെ ഔറംഗാബാദില്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ജനിച്ചു. സ്വൂഫി
പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍ മതഭക്തനായ വക്കീല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളില്‍ ഇളയവനായിരുന്നു അബുല്‍അഅ്ലാ. മാതാവ് റുഖിയ്യാ ബീഗം.

വിദ്യാഭ്യാസം
വീട്ടില്‍നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയശേഷം അദ്ദേഹത്തെ ആധുനിക പാശ്ചാത്യവിദ്യാഭ്യാസവും പരമ്പരാഗത ഇസ്ലാമികവിദ്യാഭ്യാസവും ഒരുമിച്ച് നല്‍കിയിരുന്ന മദ്റസ ഫുര്‍ഖാനിയ്യയില്‍ ചേര്‍ത്തു. സെക്കന്ററി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ഹൈദറാബാദിലെ ദാറുല്‍ ഉലൂമില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാല്‍, സ്വന്തം നിലക്ക് അത്യധ്വാനം ചെയ്ത് അദ്ദേഹം പഠിച്ചുമുന്നേറി. 20 വയസ്സ് തികയും മുമ്പ് തന്നെ മാതൃഭാഷയായ ഉര്‍ദുവിനു പുറമെ അറബി, പേര്‍ഷ്യന്‍, ഇംഗ്ളീഷ് ഭാഷകള്‍ അദ്ദേഹം വശമാക്കി. വിവിധ വിഷയങ്ങള്‍ വിശദമായി പഠിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു.

പത്രപ്രവര്‍ത്തനത്തില്‍
ഔപചാരികപഠനം മുടങ്ങിയ ശേഷം മൌദൂദി സാഹിബ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. 1918-ല്‍ ബീജ്നൂരിലെ 'അല്‍മദീന' പത്രാധിപസമിതിയില്‍ അംഗമായി. 1920-ല്‍ 17-ാം വയസ്സില്‍ ജബല്‍പൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'താജി' ന്റെ പത്രാധിപരായി. 1920-ല്‍ ദല്‍ഹിയിലെത്തി ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ 'മുസ്ലിം' പത്രത്തിന്റെയും (1921 മുതല്‍ 1923 വരെ) 'അല്‍ ജംഇയ്യത്തി'ന്റെയും (1925-28) പത്രാധിപരായി ജോലിചെയ്തു. മൌദൂദിയുടെ പത്രാധിപത്യത്തില്‍ 'അല്‍ ജംഇയ്യത്ത്' ഒന്നാംകിട പത്രമായി മാറി.

രാഷ്ട്രീയത്തില്‍ താല്‍പര്യം
1920-കളോടെ രാഷ്ട്രീയത്തിലും മൌദൂദി സാഹിബ് ചെറിയ തോതില്‍ താല്‍പര്യം കാണിച്ചുതുടങ്ങി. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുകയും മുസ്ലിംകളെ അഫ്ഗാനിസ്താനിലേക്ക് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്ന 'തഹ്രീകെ ഹിജ്റ'ത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പരിപാടിയും യാഥാര്‍ഥ്യാധിഷ്ഠിതവും ആസൂത്രിതവുമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന മൌദൂദി സാഹിബിന് പക്ഷേ, അധികകാലം അവയോടൊത്തുപോകാന്‍ കഴിഞ്ഞില്ല. അദ്ദേഹം പഠനത്തിലും പത്രപ്രവര്‍ത്തനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആദ്യപുസ്തകം
1920 മുതല്‍ 1928 വരെ 4 വ്യത്യസ്ത പുസ്തകങ്ങള്‍ മൌദൂദി സാഹിബ് വിവര്‍ത്തനം ചെയ്തു. ഒന്ന് അറബിയില്‍നിന്നും ബാക്കിയുള്ളവ ഇംഗ്ളീഷില്‍നിന്നും. ആദ്യത്തെ ഗ്രന്ഥമായ 'അല്‍ ജിഹാദു ഫില്‍' ഇസ്ലാം 1927-ല്‍ 'അല്‍ജംഇയ്യത്തി'ല്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു. 1930-ല്‍ അത് പുസ്തകരൂപത്തില്‍ പുറത്തു വന്നു. അല്ലാമാ മുഹമ്മദ് ഇഖ്ബാലും മൌലാനാ മുഹമ്മദലി ജൌഹറും പ്രസ്തുത കൃതിയെ ഏറെ പ്രശംസിക്കുകയുണ്ടായി. മൌദൂദി സാഹിബ് തന്റെ ഇരുപതുകളില്‍ എഴുതിയതാണെങ്കിലും ഇന്നും ഏറെ വിലമതിക്കപ്പെടുന്ന ഈ കൃതി അദ്ദേഹത്തിന്റെ പ്രമുഖ ഗ്രന്ഥങ്ങളിലൊന്നാണ്.

ഗവേഷണവും രചനയും
1928-ല്‍ 'അല്‍ ജംഇയ്യത്തി'ല്‍നിന്ന് വിരമിച്ച ശേഷം മൌദൂദി സാഹിബ് ഹൈദറാബാദിലേക്കു തിരിച്ചുപോയി ഗവേഷണത്തിലും എഴുത്തിലും മുഴുകി. 1933-ല്‍ സ്വന്തം പത്രാധിപത്യത്തില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍'മാസിക ആരംഭിച്ചു. അന്നുമുതല്‍ തന്റെ ആശയങ്ങളും ചിന്തകളും വീക്ഷണങ്ങളും പ്രകാശിപ്പിക്കാനുള്ള മുഖ്യമാധ്യമമായി അത് മാറി.
മുപ്പതുകളുടെ മധ്യത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ നേരിട്ടുകൊണ്ടിരുന്ന മുഖ്യ രാഷ്ട്രീയ-സാംസ്കാരിക പ്രശ്നങ്ങളെ കുറിച്ച് ഇസ്ലാമികകാഴ്ചപ്പാടിലൂടെ അദ്ദേഹം എഴുതാന്‍ തുടങ്ങി. മുസ്ലിംകളില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്ന അനിസ്ലാമിക ആശയാദര്‍ശങ്ങളെയും ചിന്താഗതികളെയും രൂക്ഷമായി വിമര്‍ശിക്കുകയും അവയുടെ പൊള്ളത്തരം സമര്‍ഥമായി തുറന്നുകാട്ടുകയും ചെയ്തു.
പിന്നീട് അല്ലാമാ ഇഖ്ബാലിന്റെ ക്ഷണപ്രകാരം ഹൈദറാബാദ് വിട്ട് പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലയില്‍ താമസമാക്കിയ മൌദൂദി അവിടെ ദാറുല്‍ ഇസ്ലാം എന്ന പേരില്‍ ഒരു അക്കാദമിക, ഗവേഷണസ്ഥാപനം ആരംഭിച്ചു. അല്ലാമാ ഇഖ്ബാലിനോടൊപ്പം ചേര്‍ന്ന് ഇസ്ലാമികചിന്തയുടെ പുനര്‍നിര്‍മാണം യാഥാര്‍ഥ്യമാക്കുകയും ഇസ്ലാമികവിഷയങ്ങളില്‍ കഴിവുറ്റ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും ഇസ്ലാമിന്റെ മേന്മ വെളിപ്പെടുത്തുന്ന രചനകള്‍ നടത്തുകയുമായിരുന്നു ലക്ഷ്യം.

ജമാഅത്തെ ഇസ്ലാമി
1940-കളോടെ സമഗ്രമായ ഒരു ഇസ്ലാമികപ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിനെ കുറിച്ച് മൌദൂദി സാഹിബ് ഗൌരവപൂര്‍വം ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം 1941 ആഗസ്ത് 26 ന് ലാഹോറില്‍ വിളിച്ചുചേര്‍ത്ത നാട്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള 72 പേര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ടു. ആദ്യത്തെ അമീറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ല്‍ ആരോഗ്യകാരണങ്ങളാല്‍ ഉത്തരവാദിത്വം ഒഴിയുന്നതുവരെ ആ ചുമതല നിര്‍വഹിച്ചു.

പോരാട്ടവും പീഡനങ്ങളും
ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് 1947 ആഗസ്റില്‍ പാകിസ്താനില്‍ താമസമാക്കിയ മൌദൂദി അവിടെ ഒരു യഥാര്‍ഥ ഇസ്ലാമികസമൂഹവും രാഷ്ട്രവും സ്ഥാപിക്കാന്‍ പരിശ്രമിച്ചു. ഭരണാധികാരികള്‍ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പലതവണ അദ്ദേഹത്തെ അറസ്റുചെയ്ത് ജയിലിലടച്ചു. 1953-ല്‍ ഖാദിയാനീപ്രശ്നത്തെക്കുറിച്ച് ഒരു ലഘുലേഖ എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൌദൂദിസാഹിബിന് വധശിക്ഷ വിധിച്ചു. മാപ്പപേക്ഷ നല്‍കി കുറ്റവിമുക്തനാകാന്‍ അവസരം ലഭിച്ചെങ്കിലും സത്യത്തിനുവേണ്ടി വധശിക്ഷ സ്വീകരിക്കാന്‍ തയാറാവുകയാണ് അദ്ദേഹം ചെയ്തത്. ഒടുവില്‍ പാകിസ്ഥാനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട് അതുതന്നെ റദ്ദാക്കാനും ഭരണകൂടം നിര്‍ബന്ധിതമായി.

സംഭാവനകള്‍
മൌദൂദി സാഹിബ് 120-ലേറെ പുസ്തകങ്ങളും ലഘുലേഖകളും എഴുതി. ആയിരത്തിലേറെ പ്രസംഗങ്ങളും പത്രപ്രസ്താവനകളും നടത്തി. ലളിതവും ചടുലവും കരുത്തുറ്റതുമാണ് അദ്ദേഹത്തിന്റെ രചനാരീതി. വിവിധ വിഷയങ്ങളെ കുറിച്ച് പണ്ഡിതോചിതമായും യുക്തിഭദ്രതയോടെയും അതോടൊപ്പം സരളമായും അദ്ദേഹം എഴുതി. തഫ്സീര്‍, ഹദീസ്, നിയമം, തത്ത്വചിന്ത, ചരിത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ വിഷയങ്ങളായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവും സാമൂഹികവും ദൈവശാസ്ത്രപരവുമായ വിവിധ പ്രശ്നങ്ങള്‍ അദ്ദേഹം ചര്‍ച്ചചെയ്യുകയും ഇസ്ലാമികാധ്യാപനങ്ങളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്തു. തഫ്ഹീമുല്‍ ഖുര്‍ആന്‍ ആണ് മൌദൂദി സാഹിബിന്റെ ഏറ്റവും മഹത്തായ രചന. ഖുര്‍ആന്റെ മൊത്തം ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ ആയത്തുകളെ വിശദീകരിക്കുന്ന രീതിയാണ് അതില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. 1943-ല്‍ ആരംഭിച്ച തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന 1972-ലാണ് പൂര്‍ത്തിയാക്കിയത്. സംഘടനകള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കുമപ്പുറം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ കൃതികള്‍ ഇംഗ്ളീഷ്, അറബി, പേര്‍ഷ്യന്‍, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍, സ്വാഹിലി, തമിഴ്, ബംഗാളി, മലയാളം തുടങ്ങി എഴുപതിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുമത് തുടരുന്നു

മൌദൂദിയെക്കുറിച്ച കൃതികള്‍
അബുല്‍അഅ്ലാ- ടി മുഹമ്മദ്.
മൂന്ന് മുസ്ലിം പരിഷ്കര്‍ത്താക്കള്‍ - കെ.കെ. അലി.
വിമര്‍ശിക്കപ്പെടുന്ന മൌദൂദി - ഒരു സംഘം ലേഖകര്‍.
മൌദൂദി സ്മൃതിരേഖകള്‍ - എഡിറ്റര്‍ വി.എ. കബീര്‍

അവാര്‍ഡ്
1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായ മൌദൂദിക്കാണ് 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്ലാമികസേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് ലഭിച്ചത്. കൂടാതെ ശ്രദ്ധേയങ്ങളായ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

അന്ത്യം
നേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലില്‍ വര്‍ധിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ ഡോക്ടറായിരുന്നു. ശസ്ത്രക്രിയയെത്തുടര്‍ന്ന് 1979 സെപ്റ്റംബര്‍ 22-ന് അദ്ദേഹം നിര്യാതനായി. 76 വയസ്സായിരുന്നു. ജനാസ
പിന്നീട് പാകിസ്താനിലേക്ക് കൊണ്ടുവന്ന് ലാഹോറിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇസ്ലാമിനും ഇസ്ലാമികസമൂഹത്തിനും ചെയ്ത മഹത്തായ സേവനങ്ങള്‍ക്ക് അല്ലാഹു മൌദൂദി സാഹിബിന് ഉദാരമായി പ്രതിഫലം നല്‍കുമാറാകട്ടെ -ആമീന്‍.